തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദേശം പുറപ്പെടുവിപ്പിച്ചു.
സ്കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും. ജില്ലകളിൽ ഒരു പ്രധാന സ്കൂളിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.